
അമേരിക്കയിലെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് പുറത്തുപോയതോടെ അമേരിക്കൻ പ്രസിഡന്റും മസ്കും തല്ലിപ്പിരിഞ്ഞോ എന്ന ചർച്ചയിലാണ് ലോകം. താരിഫ് നയത്തെ ചൊല്ലി ട്രംപും മസ്കുമായി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. താൻ നടപ്പാക്കുന്ന താരിഫ് നയം അമേരിക്കയെ ശക്തിപ്പെടുത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുന്ന നയമെന്നായിരുന്നു മസ്കിന്റെ നിലപാട്. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ഡോജിൽ നിന്നും താൻ വിരമിക്കുകയാണെന്ന് മസ്ക് വ്യക്തമാക്കിയത്.
ഡോജിലെ തന്റെ സമയം അവസാനിക്കുന്നു എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്ന് അവകാശപ്പെട്ട മസ്ക്, ട്രംപിന് നന്ദി അറിയിക്കാനും മറന്നില്ല. ‘‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാൻ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ – അദ്ദേഹം എക്സിൽ കുറിച്ചു.
തർക്കത്തിന്റെ യാതൊരു സൂചനകളും നൽകാതെയാണ് മസ്ക് ഡോജിൽ നിന്നും വിരമിച്ചത്. എന്നാൽ, ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.











